Thursday, 6 January 2011

facebook,with social network

സോഷ്യല്‍ മീഡിയ: ചെലവില്ലാതെ നേടൂ, ബിസിനസും സൗഹൃദവും



 ഇന്ത്യയും ചൈനയും കഴിഞ്ഞാല്‍ ഏറ്റവുമധികം ജനസംഖ്യ എവിടെയാണ്‌?
ഇന്റര്‍നെറ്റ്‌ കൂട്ടായ്‌മയായ ഫേസ്‌ബുക്കില്‍! ഇക്കഴിഞ്ഞ ജൂലൈയിലെ മാത്രം കണക്കുവെച്ച്‌ 50 കോടിയോളം ജനങ്ങളുണ്ട്‌ ഇതില്‍.
 വിവരസാങ്കേതിക വിദ്യ ലോകത്തെ ഒരു കൊച്ചു ഗ്രാമമാക്കി മാറ്റിയതോടെ ലോകത്തിന്റെ ഏത്‌ കോണിലിരുന്നും അകലങ്ങളെ ഭയക്കാതെ ആരുമായും എപ്പോള്‍ വേണമെങ്കിലും സംവദിക്കാം.
 സ്വന്തം ആശയം വിലക്കുകളേതുമില്ലാതെ പ്രകടിപ്പിക്കാം. സ്വന്തം ഉല്‍പ്പന്നവും സേവനവും പണം മുടക്കില്ലാതെ, (സമയം മാത്രം നിക്ഷേപിച്ച്‌) ലോകത്തിന്റെ ഏതു കോണിലുമെത്തിക്കാം... ഇത്‌ ഒരു ഐ.റ്റി വിദഗ്‌ധനോ ഉന്നത ശ്രേണിയിലുള്ള പ്രൊഫഷണലുകള്‍ക്കോ മാത്രം സാധ്യമാകുന്ന കാര്യങ്ങളല്ല.
ഫേസ്‌ബുക്ക്‌, ലിങ്ക്‌ഡ്‌ഇന്‍, ട്വിറ്റര്‍, സ്‌ക്രിബ്‌ഡ്‌, യൂട്യൂബ്‌, ഓര്‍കൂട്ട്‌ തുടങ്ങിയവ അടങ്ങുന്ന സോഷ്യല്‍ മീഡിയ ആധുനിക ജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്ന്‌ അറിയാന്‍ ഇതാ ചില വസ്‌തുതകള്‍.
◦യു.എസില്‍ എട്ട്‌ വിവാഹങ്ങളില്‍ ഒന്ന്‌ നടക്കുന്നത്‌ സോഷ്യല്‍ മീഡിയ വഴിയാണ്‌.◦ടി.വിയും റേഡിയോയും ഇന്റര്‍നെറ്റുമൊക്കെ ജനങ്ങളിലേക്കെത്താന്‍ എറെ വര്‍ഷങ്ങള്‍ എടുത്തെങ്കില്‍ ഫേസ്‌ബുക്ക്‌ ആദ്യ ഒരു വര്‍ഷത്തില്‍ തന്നെ 20 കോടി ജനങ്ങളിലേക്കാണ്‌ എത്തിയത്‌.
◦വിദേശരാജ്യങ്ങളിലെ 80 ശതമാനം റിക്രൂട്ട്‌മെന്റുകളും സോഷ്യല്‍ മീഡിയ പ്രൊഫൈലുകളെ അടിസ്ഥാനമാക്കിയാണ്‌. അതിലൂടെ ഒരാളുടെ വ്യക്തിത്വവും സ്വാഭാവസവിശേഷതകളും മനസിലാക്കാന്‍ എളുപ്പമാണെന്നതാണ്‌ കാര്യം.
◦സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ യുവാക്കളുടേതാണ്‌ എന്നാണോ ചിന്ത? 55-65 വയസിനിടക്കുള്ള സ്‌ത്രീകളുടെ വിഭാഗമാണ്‌ ഫേസ്‌ബുക്കില്‍ ഏറ്റവും അധികം വളരുന്നതത്രേ! യുവജനങ്ങളുടെയും മധ്യവയസ്‌കരായ പുരുഷന്മാരുടെയും വിഭാഗം ഏറെ വളര്‍ന്നുകഴിഞ്ഞു.
 ഇങ്ങനെ ജീവിതത്തിലെ എല്ലാ മേഖലകളിലും സാന്നിധ്യമാകുകയാണ്‌ സോഷ്യല്‍ മീഡിയ. ബിസിനസും സൗഹൃദവും നിലനിര്‍ത്താനും കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും ഏറ്റവും മികച്ച പങ്കാളികളാണ്‌ ഇവ. സാധാരണക്കാര്‍ക്ക്‌ ഏത്‌ സമയത്തും എപ്പോഴും ഞൊടിയിടയില്‍ സുഹൃത്തുക്കളോട്‌ ബന്ധപ്പെടാനാകുമ്പോള്‍ ബിസിനസുകാര്‍ക്ക്‌ സൗഹൃദത്തിലൂന്നിയുള്ള ബിസിനസ്‌ ആണ്‌ ഇവ നല്‍കുന്നത്‌. കേരളത്തിലും സോഷ്യല്‍ മീഡിയയുടെ പ്രയോജനങ്ങള്‍ ബിസിനസില്‍ കൊണ്ടുവന്ന അനേകം കമ്പനികളുണ്ട്‌. ഇതില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നവ മുതല്‍ പുതുതായി തുടങ്ങിയ കമ്പനികള്‍ വരെയുണ്ട്‌. ഇവയുടെ വിവിധ പ്രയോജനങ്ങള്‍ എന്തൊക്കെയാണെന്ന്‌ നോക്കാം.

തികച്ചും സൗജന്യം
വിവിധ മാധ്യമങ്ങളില്‍ പരസ്യപ്രചരണങ്ങള്‍ക്കായി എത്ര തുകയാണ്‌ നിങ്ങള്‍ ചെലവഴിക്കുന്നത്‌. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അംഗമാകാനോ അതുവഴി നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും പ്രചരണം കൊടുക്കാനോ പണം ചെലവഴിക്കേണ്ടതില്ലെന്നതാണ്‌ ഏറ്റവും വലിയ ആകര്‍ഷണം. നിങ്ങളുടെ സമയം മാത്രമാണ്‌ അതിന്‌ ആവശ്യം.

ലോകവിപണി പിടിച്ചടക്കാന്‍
നിങ്ങളുടെ സ്ഥാപനത്തിലെ മാര്‍ക്കറ്റിംഗ്‌ വിഭാഗം എത്ര ശക്തവുമായിക്കൊള്ളട്ടെ. നിങ്ങള്‍ക്ക്‌ തികച്ചും അപരിചിതമായ രാജ്യങ്ങളില്‍ മാര്‍ക്കറ്റിംഗ്‌ ജീവനക്കാരെ വിട്ട്‌ വിപണി സ്വന്തമാക്കാന്‍ എത്ര ഭീമമായ തുക ചെലവിടണം. ഇതിന്‌ പരിഹാരമാണ്‌ സോഷ്യല്‍ മീഡിയ. കോഴിക്കോട്ടെ ഒരു യുവസംരംഭകന്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കുറഞ്ഞ മുതല്‍മുടക്കില്‍ ആരംഭിച്ച കൊച്ചു സ്ഥാപനത്തിന്‌ ഇന്ന്‌ 40ലേറെ രാജ്യങ്ങളിലാണ്‌ വിപണി. സോഷ്യല്‍ മീഡിയയിലൂടെ മാത്രമായിരുന്നു ഇവരുടെ പ്രചരണം. ലഭിക്കുന്ന ബിസിനസിന്റെ 60 ശതമാനത്തില്‍ കൂടുതല്‍ സോഷ്യല്‍ മീഡിയയിലൂടെ മാത്രം ലഭിക്കുന്ന അനേകം സ്ഥാപനങ്ങളും കേരളത്തിലുണ്ട്‌.
സോഷ്യല്‍ മീഡിയയിലൂടെ കേരളത്തിന്റെ ഏതെങ്കിലുമൊരു മൂലയിലിരുന്ന്‌ ലോകം മുഴുവനുമുള്ളവരുമായി സംവദിക്കാനും അതുവഴി ബിസിനസ്‌ കൂട്ടാനുമാകും.
സ്ഥാപനത്തെ അടുത്ത തലത്തിലെത്തിക്കാന്‍
നിലവിലുള്ള മേഖലയില്‍ നിന്ന്‌ ഒരു പടി കൂടി കടന്ന്‌ വൈവിധ്യവല്‍ക്കരണം ആഗ്രഹിക്കുന്നവര്‍ക്ക്‌ സോഷ്യല്‍ മീഡിയ അനുഗ്രഹമാണ്‌. നിങ്ങള്‍ക്ക്‌ തികച്ചും അപരിചിതമായ പുതിയ മേഖലകളിലെ വിപണി കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയിലെ വിവിധ കമ്യൂണിറ്റികള്‍ സഹായിക്കും. നിങ്ങള്‍ ലക്ഷ്യം വെക്കുന്ന ഉപഭോക്താക്കളെ ഇതിലൂടെ എളുപ്പം കണ്ടെത്താം.
പക്ഷെ സോഷ്യല്‍ മീഡിയയുടെ പ്രധാന ആകര്‍ഷണം ഇതൊന്നുമല്ല. മറ്റ്‌ പരസ്യപ്രചരണങ്ങളില്‍ നിന്ന്‌ വിഭിന്നമായി ഉപഭോക്താവിനോട്‌ നേരിട്ട്‌ പറയുന്ന അനുഭവം സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നു.
     സോഷ്യല്‍ മീഡിയയില്‍ മികച്ചൊരു സ്ഥാനം നിങ്ങള്‍ക്ക്‌ നേടിയെടുക്കാനായാല്‍ അത്‌ ബിസിനസ്‌ ലഭിക്കാനുള്ള എളുപ്പവഴിയാണ്‌. നിങ്ങളുടെ ഉല്‍പ്പന്നം ഉപയോഗിച്ച്‌ സംതൃപ്‌തനായ ഉപഭോക്താവിന്റെ വാക്കുകള്‍ക്ക്‌ മറ്റുള്ളവരെ സ്വാധീനിക്കാന്‍ എത്രമാത്രം കഴിയുമെന്ന്‌ ആലോചിച്ചുനോക്കൂ.
     ഇനിയും നിങ്ങളുടെ സ്ഥാപനത്തിന്‌ സോഷ്യല്‍ മീഡിയയില്‍ സാന്നിധ്യമില്ലേ? പാഴാക്കാന്‍ സമയമില്ല എത്രയും വേഗം അതില്‍ അംഗമാവുകയാണ്‌ വേണ്ടത്‌. ഏതൊക്കെയാണ്‌ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്നും അവയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും നോക്കാം.
ഫേസ്‌ബുക്ക്‌
ലോകത്താകമാനം 50 കോടിയിലധികം അംഗങ്ങളുള്ള ഫേസ്‌ബുക്കാണ്‌ ഏറ്റവും പ്രശസ്‌തമായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ മീഡിയ. നിങ്ങളുടെ കമ്പനിയെക്കുറിച്ച്‌ പറയാനുള്ള കാര്യങ്ങള്‍ ഏറ്റവും എളുപ്പത്തിലും കുറഞ്ഞചെലവിലും അറിയിക്കാനുള്ള അവസരമാണ്‌ ഫേസ്‌ബുക്ക്‌ നല്‍കുന്നത്‌.
     ഇതിന്‌ ആദ്യം ചെയ്യേണ്ടത്‌ നിങ്ങളുടെ സംരംഭവുമായി ബന്ധപ്പെട്ട ഫേസ്‌ബുക്ക്‌ പേജ്‌ ഉണ്ടാക്കുക എന്നതാണ്‌. നിങ്ങളുടെ കമ്പനിയെ സംബന്ധിച്ച വിവരങ്ങളും മറ്റും ഫേസ്‌ബുക്കിലെ പ്രധാന പേജില്‍ (വോള്‍) കൊടുക്കാം. ഫോട്ടോയും, വെബ്‌സൈറ്റിലെ ലിങ്കുകളും, വീഡിയോ വരെയും ഇതുവഴി നിങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ എത്തിക്കാം. കൂടാതെ ചര്‍ച്ചകളും മറ്റും സംഘടിപ്പിക്കാം.
     നിങ്ങളുടേത്‌ ചെറിയ സ്ഥാപനമാണെങ്കില്‍ നിങ്ങള്‍ തന്നെ കുറേസമയം ഇതിനായി ചെലവിടുക, സ്ഥാപനം വലുതാകുന്നതിനൊപ്പം ഇതിനായി ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്യാം.
ലിങ്ക്‌ഡ്‌ ഇന്‍
പ്രചാരത്തിലുള്ള ഏറ്റവും മികച്ച പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ്‌ വെബ്‌സൈറ്റാണ്‌ ലിങ്ക്‌ഡ്‌ഇന്‍. നിങ്ങള്‍ക്ക്‌ പരിചയമുള്ളവരുമായും നിലവിലുള്ളവരുടെ റഫറന്‍സ്‌ വഴിയും മാത്രമേ ഇതില്‍ അംഗങ്ങളാകാന്‍ കഴിയൂ എന്നതിനാല്‍ ഒരു ഗൗരവ സ്വഭാവം കൂടിയുള്ള നെറ്റ്‌ വര്‍ക്കിംഗ്‌ വെബ്‌സൈറ്റാണിത്‌. അതുകൊണ്ടുതന്നെ വിവിധ കമ്പനികളുടെ തലപ്പത്തുള്ളവരെ നിങ്ങള്‍ക്ക്‌ ഇതില്‍ കാണാന്‍ സാധിക്കും.
നിങ്ങളുടേയും കമ്പനിയുടേതുമായുള്ള പ്രൊഫൈലുകള്‍ ഉണ്ടാക്കുകയാണ്‌ ഇതില്‍ ചെയ്യേണ്ടത്‌. നിങ്ങളുടെ വെബ്‌സൈറ്റിന്റേയും നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ്‌ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളുടേയും അപ്‌ഡേറ്റുകള്‍ ലിങ്ക്‌ഡ്‌ ഇന്നില്‍ കാണാനും സാധിക്കും. ബിസിനസിലേയും പ്രൊഫഷണല്‍ രംഗത്തേയും കൂടുതല്‍ ആളുകളെ നിങ്ങളുടെ `കണക്ഷനിലേക്ക്‌' കൊണ്ടുവരികയാണ്‌ വേണ്ടത്‌. നിങ്ങളുടെ സംരംഭത്തെ രാജ്യാതിര്‍ത്തികള്‍ക്ക്‌ അപ്പുറത്തേക്ക്‌ വ്യാപിപ്പിക്കാന്‍ ലിങ്ക്‌ഡ്‌ഇന്‍ വഴി സാധിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്കും, ജീവനക്കാരെ വേണ്ടവര്‍ക്കും ലിങ്ക്‌ഡ്‌ഇന്നിലെത്തി പ്രൊഫൈല്‍ ഉണ്ടാക്കി തിരയാന്‍ കഴിയും.
ട്വിറ്റര്‍
നമുക്ക്‌ ചുറ്റും സംഭവിക്കുന്നതിനെക്കുറിച്ചും അതില്‍ നമുക്കെന്താണ്‌ പറയാനുള്ളതെന്നുമൊക്കെ എല്ലാവരെയും അറിയിക്കാനുള്ള മാര്‍ഗമാണ്‌ ട്വിറ്റര്‍. മൈക്രോ ബ്ലോഗിങ്ങ്‌ എന്ന സങ്കല്‍പ്പത്തിന്റെ ഏറ്റവും വിജയകരമായ രൂപമാണിത്‌. 140 വാക്കില്‍ താഴെയുള്ള സംഭാഷണങ്ങളാണ്‌ ഇതില്‍ നടത്താവുന്നത്‌. ബിസിനസുകാര്‍ക്ക്‌ അവരുടെ ഉപഭോക്താക്കളുമായി ബന്ധപ്പെടാനും തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ആവശ്യക്കാരെ ട്വിറ്ററിലൂടെ കണ്ടെത്താനും സാധിക്കും.
     അമേരിക്കയില്‍ നടന്ന ഒരു സംഭവം ഇതിന്‌ ഉദാഹരണമാണ്‌. എംപയര്‍ സ്റ്റേറ്റ്‌ ബില്‍ഡിംഗിലെ ജീവനക്കാര്‍ അവരുടെ ഐസ്‌ക്രീം കഴിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചാണ്‌ ഒരിക്കല്‍ ട്വിറ്ററില്‍ സംസാരിച്ചത്‌ (ട്വീറ്റ്‌ ചെയ്‌തത്‌). ഇത്‌ ശ്രദ്ധിച്ച ന്യൂയോര്‍ക്കിലെ ടേസ്റ്റി ഡിലൈറ്റ്‌ എന്ന സ്ഥാപനം അവരുടെ ആവശ്യപ്രകാരം ഐസ്‌ക്രീം അവിടെ എത്തിക്കുകയായിരുന്നു. ട്വിറ്ററിലൂടെ നടന്ന ബിസിനസിന്റെ ഒരു ഉദാഹരണം മാത്രമാണിത്‌. കമ്പനിയുടേയോ, നിങ്ങളുടേയോ പേരില്‍ ട്വിറ്റര്‍ എക്കൗണ്ട്‌ തുടങ്ങുകയാണ്‌ ഇതിനായി ചെയ്യേണ്ടത്‌. കൂടുതല്‍ ഫോളോവേഴ്‌സിനെ കൂട്ടുകയാണ്‌ ആദ്യപടി. ഇതിന്‌ തുടര്‍ച്ചയായി ട്വീറ്റ്‌ ചെയ്യുക. ട്വിറ്റര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്ത്‌ അഭിപ്രായം രേഖപ്പെടുത്തുക. http://www.twitpic.com/ ല്‍ കമ്പനിയുമായി ബന്ധപ്പെട്ട ചിത്രങ്ങളും ചേര്‍ക്കാം.
സ്‌ക്രിബ്‌ഡ്‌
ഡോക്യുമെന്റുകള്‍ അപ്‌ലോഡ്‌ ചെയ്യാനും, മറ്റുള്ളവരുമായി പങ്ക്‌ വെക്കാനും, അഭിപ്രായം രേഖപ്പെടുത്താനും സാധിക്കുന്ന വെബ്‌സൈറ്റ്‌. മറ്റ്‌ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ വെബ്‌സൈറ്റുകളിലേതു പോലെ ഇതിലും എക്കൗണ്ട്‌ തുടങ്ങുകയാണ്‌ ആദ്യം വേണ്ടത്‌. ഒരാളുടെ എക്കൗണ്ട്‌ എന്ന രീതിയില്‍ തുടങ്ങുന്നതാണ്‌ നല്ലത്‌. എന്നിട്ട്‌ അതിനൊപ്പം സംരംഭം സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ക്കാം. നിങ്ങളുടെ സ്ഥാപനം പുറത്തിറക്കാന്‍ പോകുന്ന ഉല്‍പ്പന്നത്തെ സംബന്ധിച്ച വിവരങ്ങള്‍ ഡോക്യുമെന്റായി ഇതില്‍ അപ്‌ലോഡ്‌ ചെയ്യാന്‍ സാധിക്കും.
     കൂടുതല്‍ ഫോളോവേഴ്‌സിനെ ഉണ്ടാക്കുകയാണ്‌ ഇതിലും ചെയ്യേണ്ടത്‌. ഇതിനായി മറ്റുള്ളവര്‍ അപ്‌ ലോഡ്‌ ചെയ്യുന്നവയില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും അവരെ ഫോളോ ചെയ്യുകയും ചെയ്യുക.
യൂട്യൂബ്‌
വീഡിയോ ക്ലിപ്പിംഗുകള്‍ പങ്ക്‌വെക്കാനുള്ള വെബ്‌സൈറ്റാണിത്‌. നിങ്ങളുടെ ഉല്‍പ്പന്നം എങ്ങനെ പ്രവര്‍ത്തിപ്പിക്കാം എന്നത്‌ സംബന്ധിച്ച്‌ വിദേശത്തുള്ള ഒരു ഉപഭോക്താവിന്‌ മനസിലാക്കി കൊടുക്കണം എന്ന്‌ കരുതുക. ഇതിന്റെ പ്രവര്‍ത്തനം ഷൂട്ട്‌ ചെയ്‌ത്‌ യൂട്യൂബില്‍ അപ്‌ ലോഡ്‌ ചെയ്യുക. എന്നിട്ട്‌ ഇതിന്റെ ലിങ്ക്‌ അയച്ചുകൊടുക്കുക. കാര്യം നിസാരം. നിങ്ങളുടെ കമ്പനിയെ സംബന്ധിച്ച വീഡിയോ ഡെമോയും മറ്റും ചെയ്യാനും അവസരം നല്‍കുന്ന വെബ്‌സൈറ്റാണിത്‌.
     യൂട്യൂബില്‍ ഒരു എക്കൗണ്ട്‌ തുടങ്ങി നിങ്ങള്‍ക്ക്‌ തന്നെ വീഡിയോ അപ്‌ ലോഡ്‌ ചെയ്യാം. അതിന്‌ അനുയോജ്യമായ തലക്കെട്ടും, അതിലേക്ക്‌ ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന കീവേഡുകളും നല്‍കുക. നിങ്ങള്‍ അപ്‌ലോഡ്‌ ചെയ്‌ത വീഡിയോ മറ്റ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ വെബ്‌സൈറ്റുകളുമായി പങ്ക്‌ വെക്കാനും കഴിയും.
സ്ലൈഡ്‌ഷെയര്‍
പ്രസന്റേഷനുകള്‍ പങ്ക്‌വെക്കാന്‍ കഴിയുന്ന വെബ്‌സൈറ്റാണിത്‌. പവര്‍പോയ്‌ന്റ്‌, പി.ഡി.എഫ്‌, ഓപ്പണ്‍ ഓഫീസ്‌ ഫോര്‍മാറ്റില്‍ രൂപപ്പെടുത്തിയിട്ടുള്ള പ്രസന്റേഷനുകളാണ്‌ ഇതില്‍ അപ്‌ ലോഡ്‌ ചെയ്യാന്‍ സാധിക്കുക. സൗജന്യമായോ, നിശ്ചിത തുക നല്‍കിയോ ഇതില്‍ ചേരാം. കൂടുതല്‍ ഫോളോവേഴ്‌സിനെ ഉണ്ടാക്കുക, മറ്റുള്ളവര്‍ അപ്‌ലോഡ്‌ ചെയ്‌തിരിക്കുന്നവയില്‍ കമന്റ്‌ എഴുതുക എന്നിവ ചെയ്‌ത്‌ ഇതില്‍ ആക്‌റ്റീവാകുക. നിങ്ങളുടെ സംരംഭത്തെക്കുറിച്ചും, നല്‍കുന്ന സേവനത്തെക്കുറിച്ചും പ്രസന്റേഷന്‍ ഉണ്ടാക്കി അപ്‌ലോഡ്‌ ചെയ്യാം. അപ്‌ലോഡ്‌ ചെയ്‌തതിനുശേഷം ഇതിന്റെ ലിങ്ക്‌ എടുത്ത്‌ മറ്റുള്ള സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകള്‍ വഴി പങ്ക്‌ വെക്കാനും സാധിക്കും.
ഫോര്‍സ്‌ക്വയര്‍
പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റാണിത്‌. മൊബീല്‍ഫോണിലും, ഐഫോണിലും, ബ്ലാക്ക്‌ബെറിയിലും മറ്റും ഇത്‌ ഉപയോഗിക്കാം. കൂടുതല്‍ സുഹൃത്തുക്കളെ കണ്ടെത്താനും, പുതിയ സ്ഥലങ്ങള്‍ കണ്ടെത്താനും ഉപകരിക്കുന്ന ഗെയിം അധിഷ്‌ഠിത സൈറ്റാണിത്‌. ഇതില്‍ ചേരുന്നതിന്‌ ചെക്ക്‌ ഇന്‍ ചെയ്യുക എന്നാണ്‌ പറയുക.
     പുതിയ സ്ഥലങ്ങള്‍ കണ്ടെത്തുകയും അത്‌ പങ്കുവെക്കുകയുമാണ്‌ ഇതില്‍ നടക്കുന്നത്‌. ഇങ്ങനെ ചെയ്യുന്നതിന്‌ പോയ്‌ന്റുകള്‍ ലഭിക്കുന്നു. ഫോര്‍സ്‌ക്വയര്‍ വഴി നിങ്ങളുടെ ബിസിനസിനെ/ഷോപ്പിനെ കണ്ടെത്തുന്നവര്‍ക്ക്‌ `സ്‌പെഷല്‍സ്‌' എന്ന ഓഫര്‍ നല്‍കാന്‍ സാധിക്കും. ഫോര്‍സ്‌ക്വയറിലൂടെ നിങ്ങളുടെ സംരംഭം കണ്ടെത്തുമ്പോള്‍ അതിലെ അംഗങ്ങള്‍ക്കിടയില്‍ ഇതിനെക്കുറിച്ച്‌ ധാരണയുണ്ടാവുകയും അത്‌ ഭാവിയില്‍ നിങ്ങളുടെ ബിസിനസ്‌ വളര്‍ച്ചക്ക്‌ സഹായിക്കുകയും ചെയ്യുന്നു.
     ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്‌ കൂടാതെ ഓര്‍ക്കുട്ട്‌, മൈസ്‌പേസ്‌, ഗൂഗിള്‍ ബസ്‌,ഹൈഫൈവ്‌, ഐബിഐബിഒ, ഫ്രണ്ട്‌സ്‌റ്റര്‍, നിംഗ്‌, ടാഗ്‌ഡ്‌ തുടങ്ങിയ അനേകം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളും നിലവിലുണ്ട്‌. പക്ഷെ ഇവിടെ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ വെച്ച്‌ മാത്രം എല്ലാം മനസിലാക്കാന്‍ കഴിയണമെന്നില്ല. ഇതില്‍ തുടക്കക്കാരനാണ്‌ നിങ്ങളെങ്കില്‍ എക്കൗണ്ടുകള്‍ തുടങ്ങാന്‍ ഇവയില്‍ പരിചയമുള്ള ആരുടെയെങ്കിലും സഹായം തേടാം. അല്ലെങ്കില്‍ സംശയമുള്ള കാര്യങ്ങള്‍ അതതു സൈറ്റില്‍ തന്നെയുള്ള `ഹെല്‍പ്പ്‌' ഓപ്‌ഷനില്‍ നിന്ന്‌ സംശയനിവാരണം നടത്താം.

No comments:

Post a Comment